ദോഹ: എത്രയും വേഗം ഫ്ലൂ വാക്സിൻ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). പ്രതിവർഷം പകർച്ചപ്പനി ബാധിച്ച് 500ലധികം പേരെ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും,പകർച്ചപ്പനിയെ നിസ്സാരമാക്കരുതെന്നും ചെറിയ രോഗമാണെങ്കിലും ചിലപ്പോൾ മരണത്തിനുവരെ കാരണമാകുന്നുണ്ടെന്നും എച്ച്.എം.സി മുന്നറിയിപ്പ് നൽകുന്നു.
ജലദോഷപ്പനിയായി ഇതിനെ നിസ്സാരമാക്കരുതെന്നും ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന രോഗം മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയെ സാരമായി ബാധിക്കുമെന്നും സാംക്രമികരോഗ പ്രതിരോധകേന്ദ്രം മെഡിക്കൽ ഡയറക്ടർ ഡോ. മുനാ അൽ മസ്ലമാനി പറഞ്ഞു.
ഗുരുതരമായ രോഗാവസ്ഥയ്ക്കും ചിലപ്പോൾ മരണത്തിനും ഇത് കാരണമാകുമെന്നും പ്രതിവർഷം 500ലേെറ രോഗികളെ പനിബാധിച്ച് രാജ്യത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും ശരാശരി ഓരോ വർഷവും 12 പേർ മരിക്കുന്നതായും അവർ വിശദീകരിച്ചു. ഈ വർഷം വളരെ നേരത്തെതന്നെ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. പനി സീസണിനു മുമ്പായി രോഗപ്രതിരോധശേഷി വരുത്തുകയാണ് ലക്ഷ്യമെന്ന് ഡോ. അൽ മസ്ലമാനി പറഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് നേരത്തെതന്നെ നിരവധിപേർ പനിച്ച് ചികിത്സ തേടി എത്തിയതോടെയാണ് വാക്സിനേഷനും പതിവിലും നേരത്തേ ആരംഭിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചാണ് പനിക്കുള്ള വാക്സിൻ നൽകിത്തുടങ്ങിയത്.
സാധ്യമാകുന്നവർ വളരെ വേഗത്തിൽ വാക്സിൻ സ്വീകരിച്ച് രോഗപ്രതിരോധശേഷി കൈവരിക്കണമെന്ന് ഡോ. അൽ മസ്ലമാനി ആവശ്യപ്പെട്ടു. ആരോഗ്യമുള്ളവരിലും ഫ്ലൂ പ്രതികൂലമായി ബാധിക്കുമെന്നും ഇവരിലൂടെ മറ്റുള്ളവരിലേക്കും രോഗം പകരാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു. വാക്സിൻ സ്വീകരിച്ചാലും ദിനംപ്രതിയുള്ള മുൻകരുതലുകൾ തുടരണം. രോഗികളിൽനിന്നും അകന്നുനിൽക്കുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും കൈ കൊണ്ടോ തൂവാലകൊണ്ടോ കവർ ചെയ്യുക, നിരന്തരം കൈകൾ കഴുകി വൃത്തിയാക്കുക തുടങ്ങിയവ പ്രാവർത്തികമാകുന്നതിലൂടെ രോഗവ്യാപനം കുറക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു. രാജ്യത്തെ 28 പ്രാഥമികാരോഗ്യ ചികിത്സ കേന്ദ്രങ്ങളിലും 40ലധികം സ്വകാര്യ ക്ലിനിക്കുകളിലും വാക്സിൻ ലഭ്യമാണെന്നും അവർ വ്യക്തമാക്കി.