ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ യുഎൻ മനുഷ്യാവകാശ മേധാവി എടുത്തുപറഞ്ഞതിന് പിന്നാലെ അതിനെതിരെ പ്രസ്താവനയുമായി ഇന്ത്യ. അവരുടെ “അനാവശ്യ പരാമർശങ്ങൾ” അടിസ്ഥാനപരമായ യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഇന്ത്യ പ്രസ്താവിച്ചു.
സെപ്റ്റംബർ 13 തിങ്കളാഴ്ച യുഎൻ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ചെലെറ്റ്, മനുഷ്യാവകാശ കൗൺസിലിൻ്റെ 48 -ാമത് സെക്ഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് തൻ്റെ ഓഫീസ് ഉടൻ അന്തിമരൂപം നൽകുമെന്ന് ബാച്ചലെറ്റ് പ്രസ്താവനകളിൽ വെളിപ്പെടുത്തി. മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് മുതൽ പലസ്തീൻ വരെയുള്ള വിവിധ രാജ്യങ്ങളിലെ പ്രശ്നകരമായ സമ്പ്രദായങ്ങളെക്കുറിച്ചുള്ള ആശങ്കകളും അവർ വെളിപ്പെടുത്തി.
ജമ്മു കശ്മീരിൽ പൊതുസമ്മേളനത്തിനും ഇടയ്ക്കിടെയുള്ള താൽക്കാലിക ആശയവിനിമയത്തിനും നിയന്ത്രണങ്ങൾ തുടരുമെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിക്കുന്നതിനായി നൂറുകണക്കിന് ആളുകൾ തടങ്കലിൽ തുടരുമെന്നും മാധ്യമപ്രവർത്തകർ വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്നുവെന്നും ഇന്ത്യയെക്കുറിച്ച് അവർ പറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആശങ്കാജനകമാണ്. തീവ്രവാദത്തെ ചെറുക്കുന്നതിനും മേഖലയിലെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവൺമെന്റിൻ്റെ ശ്രമങ്ങൾ ഞാൻ അംഗീകരിക്കുന്നുണ്ടെങ്കിലും, അത്തരം നിയന്ത്രണങ്ങൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാവുകയും കൂടുതൽ പിരിമുറുക്കങ്ങളും അസംതൃപ്തിയും വളർത്തുകയും ചെയുമെന്നും അവർ കൂട്ടിച്ചേർത്തു.