ജിദ്ദ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഒ.ഐ.സി അംഗരാജ്യങ്ങളിലെ അവികസിത രാജ്യങ്ങൾക്ക് 20 ദശലക്ഷം റിയാൽ സംഭാവന നൽകുമെന്ന് സൗദി അറേബ്യ. ഇസ്ലാമിക് കോഓപറേഷൻ ഓർഗനൈസേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടേറിയറ്റ് ജിദ്ദയിലെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിലാണ് സൗദി അറേബ്യയുടെ കാരുണ്യസഹായം പ്രഖ്യാപിച്ചത്. അവികസിത രാജ്യങ്ങളിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താൻ ഒ.ഐ.സി ആവിഷ്കരിച്ച സംരംഭത്തിനാണ് സൗദിയുടെ സഹായം ഉപയോഗിക്കുക.
ഫലസ്തീൻ ഉൾപ്പെടെ 22 അംഗരാജ്യങ്ങളിലെ ആരോഗ്യപ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കുമാണ് ഈ സംരംഭത്തിലൂടെ പ്രതിരോധ വാക്സിൻ നൽകുക. ഒ.ഐ.സി സെക്രട്ടറി ജനറൽ ഡോ. യൂസഫ് ബിൻ അഹമ്മദ് അൽഉതൈമീൻ പങ്കെടുത്ത വാർത്തസമ്മേളനത്തിൽ ഒ.ഐ.സിയിലെ സൗദി അറേബ്യൻ സ്ഥിരം പ്രതിനിധി ഡോ. സാലിഹ് ബിൻ ഹമദ് അൽസുഹൈബാനി, ജിദ്ദയിലെ കെ.എസ്. റിലീഫ് സെൻറർ ഡയറക്ടർ ഡോ. അബ്ദുല്ല മുഹമ്മദ് അൽസഹ്റാനിയും പങ്കെടുത്തു. ഇസ്ലാമിക ഐക്യത്തെ ശക്തിപ്പെടുത്തുന്നതിനും മുസ്ലിം ലോകത്തിൻ്റെ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സംരംഭമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
സൗദി അറേബ്യ നൽകിയ സംഭാവനയെ ഒ.ഐ.സി സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. ഏറ്റവും അവികസിത രാജ്യങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകാനുള്ള ഒ.ഐ.സിയുടെ ആഹ്വാനത്തോടുള്ള ആദ്യ പ്രതികരണമാണിത്. സംരംഭത്തെ പിന്തുണക്കാൻ മുന്നോട്ടുവന്ന സൽമാൻ രാജാവിനും കിരീടാവകാശിക്കും പ്രതിരോധ കുത്തിവെപ്പുകൾ ഏറ്റവും ആവശ്യമുള്ള രാജ്യങ്ങൾക്ക് സംഭാവന നൽകിയ മറ്റ് അംഗരാജ്യങ്ങൾക്കും സെക്രട്ടറി ജനറൽ നന്ദി പറഞ്ഞു.