അജ്മാൻ: അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി അധികാരത്തിലെത്തി 40 വർഷം തികയുന്നതിൻ്റെ ആദരസൂചകമായി വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു. ഹാബിറ്റാറ്റ് സ്കൂൾ ഗ്രൂപ്പിൻ്റെ മൂന്ന് സ്കൂളുകളിൽ നിന്ന് 40 കുട്ടികളാണ് അജ്മാൻ അൽ ഹെലിയോ പാർക്കിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്.
അജ്മാൻ മുനിസിപ്പാലിറ്റിയുടെ സഹായത്തോടെയാണ് കുട്ടികൾ തൈകൾ നട്ടത്. വരും തലമുറക്ക് മുതൽക്കൂട്ടായതിനാൽ ഓരോ മരങ്ങൾ നടുന്നതിലും നമ്മൾ സന്തോഷിക്കണമെന്ന് ഹാബിറ്റാറ്റ് സ്കൂൾസ് ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.
രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നെഹ്യാൻ്റെ പാത പിന്തുടരലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിയെയും മണ്ണിനെയും സംരക്ഷിക്കാമെന്ന വാഗ്ദാനമാണ് മരങ്ങൾ നടുബോൾ നിറവേറുന്നതെന്ന് ഹാബിറ്റാറ്റ് സ്കൂൾ മാനേജിങ് ഡയറക്ടർ ഷംസുസമാൻ പറഞ്ഞു. ഹാബിറ്റാറ്റ് സ്കൂൾ, അക്കാദമിക്സ് ആൻഡ് ഇന്നൊവേഷൻ ഡീൻ വസീം യൂസഫ് ഭട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അൽ ഹെലിയോ പാർക്ക് ഗാർഡൻ സൂപ്പർവൈസർ ബദ്രിയ അലി അൽ ഷെഹ്ഹി, ഹാബിറ്റാറ്റ് സ്കൂൾ ചീഫ് അഡ്മിനിട്രേറ്റിവ് ഓഫിസർ സുനിത ചിബ്ബർ, ഹാബിറ്റാറ്റ് സ്കൂൾ മീഡിയ കോഓഡിനേറ്റർ റൊസിൻ കെ. ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.