റേ–ബാന്‍ സ്റ്റോറീസിനെ കടത്തിവെട്ടികൊണ്ട് വിപണിയിൽ സ്ഥാനംപിടിച്ചക്കാൻ പോവുകയാണ് ഷവോമിയുടെ പുതിയ കണ്ണടകള്‍. ഷവോമി സ്മാര്‍ട്ട് ഗ്ലാസസ് എന്ന് പേരിട്ടിരിക്കുന്ന കണ്ണടക്ക് റേ–ബാന്‍ സ്റ്റോറീസിനേക്കാൾ കൂടുതൽ ഫീച്ചറുകളാണുള്ളത്. കോളുകള്‍ എടുക്കുന്നതിനും, മെസേജസ് , നോട്ടിഫിക്കേഷന്‍ എന്നിവ കാണുന്നതിനും നാവിഗേറ്റ് ചെയ്യുന്നതിനും ഫോട്ടോകള്‍ എടുക്കാനും ഇതിലൂടെ സാധിക്കും.
കണ്മുന്നില് കാണുന്നതൊക്കെ ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും അവസരമൊരുക്കിയാണ് ഫെയ്സ്ബുക്കും റേ–ബാന്‍ ഗ്ലാസും ചേര്‍ന്ന് റേ–ബാന്‍ സ്റ്റോറീസ് എന്ന പേരില്‍ സണ്‍ഗ്ലാസ് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ചത്. എന്നാൽ അതിനെ കടത്തിവെട്ടുന്ന രീതിയിലാണ്
ഷവോമി സ്മാര്‍ട്ട് ഗ്ലാസസിൻ്റെ ഫീച്ചറുകൾ.
പ്രത്യേകതകള്‍
ഷവോമി സ്മാര്‍ട്ട് ഗ്ലാസിന് വെറും 51ഗ്രാം മാത്രമാണ് ഭാരം. ഫോട്ടോ എടുക്കാനുളള ക്യാമറ, നാവിഗേഷന്‍, ടെലിപ്രോംപ്റ്റര്‍ , തല്‍സമയ ടെക്സ്റ്റ് ഫോട്ടോ വിവര്‍ത്തനം എന്നിങ്ങനെ പ്രത്യേകതകളേറെയുണ്ട് സ്മാര്‍ട്ട് ഗ്ലാസിന്.
മെക്രോ എല്‍.ഇ.ഡി ഒപ്റ്റിക്കല്‍ വേവ് ഗൈഡിങ് ഇമേജിങ് ടെക്നോളജിയാണ് പുതിയ കണ്ണടയില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്വാഡ് കോര്‍ എ.ആര്.എം പ്രൊസസര്‍ . ബാറ്ററി, ടച്ച്പാഡ്, വൈഫൈ, ബ്ലൂടൂത്ത് മൊഡ്യൂളുകള്‍, ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റം എന്നിവ കണ്ണടയിലുണ്ട്. 5 മെഗാ പിക്സലാണ് ക്യാമറ . ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറയ്ക്ക് അടുത്തുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് തെളിയും. മിനിയേച്ചര്‍ സെന്‍സറുകളും ആശയവിനിമയ മൊഡ്യൂളുകളും ഉള്‍പ്പെടെ 497 ഘടകങ്ങളാണ് സ്മാര്‍ട്ട് ഗ്ലാസിലുള്ളത്.
ഉപയോക്താക്കള്‍ക്ക് ഉപകരണവുമായി ആശയവിനിമയം നടത്തുന്നതിന് കമ്പനിയുടെ സ്വന്തം ഷവോഎഐ എഐ അസിസ്റ്റന്റാണ് ഉപയോഗിക്കുന്നത്. എല്ലാ അറിയിപ്പുകളും കണ്മുന്നില് കാണിക്കുന്നതിനു പകരം സ്മാര്‍ട്ട് ഹോം അലാറങ്ങള്‍ , ഓഫിസ് ആപ്പുകളില്‍ നിന്നുള്ള അടിയന്തര വിവരങ്ങള്‍ , പ്രധാനപ്പെട്ട കോണ്ടാക്ടുകളില് നിന്നുളള സന്ദേശങ്ങള്‍ എന്നിവ മാത്രമാകും സ്ക്രീനില്‍ കാണുക. ഫോണ്‍ കോളുകള്‍ എടുക്കുന്നതിനായി ബില്‍റ്റ് ഇന്‍ ഡ്യുവന്‍ ബീംഫോര്മിങ് മൈക്രോഫോണും സ്പീക്കറുമാണുളളത്. തല്‍സമയം ഉപയോക്താക്കളുടെ മുന്നില്‍ റോഡുകളും മാപ്പുകളും കാണിക്കുന്നതിനുള്ള നാവിഗേഷന്‍ സാങ്കേതിക വിദ്യയും സ്മാര്‍ട്ട് ഗ്ലാസിലുണ്ട്. എന്നാല്‍ ഇത് എന്ന് വിപണിയില്‍ എത്തുമെന്നോ സ്മാര്‍ട്ട് ഗ്ലാസിന്റെ വിലയെക്കുറിച്ചോ കമ്പനി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.