കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് മലിംഗ അറിയിച്ചു. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നും നേരത്തെ വിരമിച്ച മലിംഗ ട്വന്റി-20 യില്‍ തുടര്‍ന്നിരുന്നു. ക്രിക്കറ്റ് യാത്രയിൽ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച താരം യുവ താരങ്ങൾക്ക് തൻ്റെ അനുഭവ സമ്പത്ത് പകർന്നുനൽകുമെന്നും വ്യക്തമാക്കി.
ലോകകപ്പ് അടുത്തിരിക്കെയാണ് ട്വന്റി-20യിൽനിന്നും വിമരമിക്കുകയാണെന്ന് 38 കാരനായ താരം പ്രഖ്യാപിച്ചിരിക്കുന്നത്. 2011 ലാണ് മലിംഗ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്. 2019 ല്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു.
Hanging up my #T20 shoes and #retiring from all forms of cricket! Thankful to all those who supported me in my journey, and looking forward to sharing my experience with young cricketers in the years to come.https://t.co/JgGWhETRwm #LasithMalinga #Ninety9
— Lasith Malinga (@ninety9sl) September 14, 2021
ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് മലിംഗ. വിചിത്രമായ ബൗളിംഗ് ആക്ഷനും യോർക്കറുകളുമാണ് ലോക ക്രിക്കറ്റിൽ മലിംഗയെ ശ്രദ്ധേയനാക്കിയത്. ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു മലിംഗയുടെ യോർക്കറുകൾ.
രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റിട്ട് ഡബിൾ ഹാട്രിക്ക് തികച്ച ഒരേയൊരു ബൗളറാണ് മലിംഗ. രണ്ട് ലോകകപ്പ് ഹാട്രിക്കുകൾ നേടിയ ഒരേയൊരു താരം, ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകളുള്ള ഒരേയൊരു താരം, രാജ്യാന്തര ക്രിക്കറ്റിൽ അഞ്ച് ഹാട്രിക്കുകൾ തികച്ച ആദ്യ താരം, രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം ഹാട്രിക്കുകൾ ഉള്ള താരം എന്നിങ്ങനെയാണ് അദ്ദേഹത്തിൻ്റെ റെക്കോർഡുകൾ.
30 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളാണ് മലിംഗയ്ക്ക് ഉള്ളത്. 226 തവണ അദ്ദേഹം ഏകദിനത്തിൽ ശ്രീലങ്കക്കായി ബൂട്ടണിഞ്ഞു. 338 ഏകദിന വിക്കറ്റുകളും അദ്ദേഹത്തിനുണ്ട്. 84 രാജ്യാന്തര ടി-20 മത്സരങ്ങളിൽ നിന്ന് 107 വിക്കറ്റുകളും അദ്ദേഹം നേടി. ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്ന മലിംഗ 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.