തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെയാണ് വാക്സിൻ ലഭിച്ചത്. കോവിഷീല്‍ഡ് വാക്‌സിനാണ് ലഭിച്ചത്. ഇത് വിവിധ ജില്ലകളിലെത്തിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
ജില്ലകളിൽ വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും(2,28,18,901) 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സിന്‍ നല്‍കാനായി.
ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കോളേജ് വിദ്യാര്‍ത്ഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടേണ്ടതാണ്. അടുത്തമാസത്തോടെ പതിനെട്ടിന് താഴെയുള്ള കൗമാരക്കാർക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

















