ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയതിനുപിന്നിൽ കാമുകനുമായുള്ള പ്രശ്നമെന്ന് പോലീസ്. തൻ്റെ സുഹൃത്തുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് കാമുകന് സംശയിച്ചിരുന്നതായും ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായതായും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാമുകന് ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മൂന്നാംനിലയിലെ മുറിയില്‍നിന്ന് പെണ്‍കുട്ടി താഴേക്ക് ചാടിയതെന്നാണ് പോലീസിൻ്റെ നിഗമനം.
തിങ്കളാഴ്ച രാത്രി ഉജ്ജയിനിലെ മഹാകലേശ്വര്‍ ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിലായിരുന്നു സംഭവം. കമിതാക്കളായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഹോട്ടല്‍ ജീവനക്കാരെ കബളിപ്പിച്ചാണ് മുറിയെടുത്തത്. വിവാഹിതരാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇരുവരും വ്യാജ തിരിച്ചറിയല്‍ രേഖകളും നല്കി. ഇതിനിടെ കാമുകൻ്റെ സുഹൃത്തായ മറ്റൊരു ആണ്‍കുട്ടിയും ഹോട്ടലിലേക്കെത്തി.
കാമുകിയ്ക്ക് തൻ്റെ സുഹൃത്തുമായി അടുപ്പമുണ്ടെന്ന് കാമുകന് സംശയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സുഹൃത്തിനെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇയാളുടെ സാന്നിധ്യത്തില്‍ തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകിയുമായി വഴക്കിടുകയും മുഖത്തടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടി ഹോട്ടല്‍ കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കിയത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനെതിരേ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് കൃത്യമായ രേഖകളില്ലാതെ മുറി നല്‍കിയതിന് ഹോട്ടല്‍ മാനേജര്‍ക്കെതിരെയും കേസെടുത്തു. അതേസമയം, ഹോട്ടല്‍ മുറിയിലെത്തിയ സുഹൃത്തിന് സംഭവത്തില്‍ പങ്കില്ലെന്നാണ് പോലീസിന്റെ വിശദീകരണം. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.