ദോഹ: കോവിഡ് വാക്സിൻ്റെ ബൂസ്റ്റർ ഡോസ് രോഗപ്രതിരോധത്തിൽ ഏറ്റവും നിർണാകമാണെന്ന് ദേശീയ ഹെൽത്ത് സ്ട്രാറ്റജി. ദേശീയ ഹെൽത്ത് സ്ട്രാറ്റജി ഗ്രൂപ്പ് തലവൻ ഡോ. അബ്ദുൽ ലത്തീഫ് അൽ ഖാൽ ആണ് ഈ വിവരം അറിയിച്ചത്.
ബുധനാഴ്ച ആരംഭിക്കുന്ന ബൂസ്റ്റർ ഡോസ് വാക്സിൻ്റെ മുന്നോടിയായി ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുന്നണിപ്പോരാളി കൂടിയായ ഡോ. അൽ ഖാൽ ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡിൻ്റെ ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ആരോഗ്യ സുരക്ഷ നേടുന്നതിൽ ബൂസ്റ്റർ ഡോസ് സുപ്രധാന പങ്കുവഹിക്കും.
ശാസ്ത്രീയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും അടിസ്ഥാനത്തിൽ തെളിയിക്കപ്പെട്ട ശേഷമാണ് മൂന്നാം ഡോസ് എടുക്കാൻ നിർദേശിക്കപ്പെടുന്നത്. രണ്ടാം ഡോസ് എടുത്ത് എട്ടുമാസം കഴിഞ്ഞവർ അടുത്ത ഡോസ് വക്സിൻ കൂടി സ്വീകരിക്കുന്നതോടെ പുതിയ വകഭേദങ്ങൾക്കെതിരെ ഒരു വർഷം വരെ പ്രതിരോധശേഷി നേടുമെന്ന് അദ്ദേഹം പറഞ്ഞു.
‘രണ്ടാം ഡോസ് സ്വീകരിച്ച് ഏഴു മാസം കഴിയുന്നതോടെ ശരീരത്തിലെ ആൻറി ബോഡി കുറയുന്നതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുകഴിഞ്ഞതാണ്. അത്തരം ആളുകളിൽ കോവിഡ് രോഗസാധ്യത കൂടിയതായി ക്ലിനിക്കൽ തെളിവുകളുമുണ്ട്. അതിനാൽ, രോഗസാധ്യത കൂടിയ ഹൈറിസ്ക് വിഭാഗക്കാർ എത്രയും വേഗം ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചുതുടങ്ങണം’.
ഘട്ടം ഘട്ടമായാണ് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങുന്നത്. വരും മാസങ്ങളിൽ കൂടുതൽ പേർക്ക് നൽകും. കഴിഞ്ഞ ജനുവരി, ഫ്രെബുവരി, മാർച്ചിൽ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് എട്ടു മാസം പൂർത്തിയാകുന്ന മുറക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാവുമെന്നും, ബൂസ്റ്റർ ഡോസ് എടുക്കുന്നവർക്ക് രണ്ടാം ഡോസ് എടുക്കുന്നവരേക്കാൾ മടങ്ങ് ആൻറിബോഡി നേടാൻ കഴിയുമെന്നാണ് പഠനമെന്നും, ആദ്യ രണ്ട് ഡോസുകളേക്കാൾ ബൂസ്റ്റർ ഡോസിന് രോഗപ്രതിരോധശേഷി ലഭ്യമാകുമെന്നും, പ്രതിരോധ കുത്തിവെപ്പ് സജീവമാകുന്നതോടെ രാജ്യത്തെ കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.