വോഡഫോണിനും ഐഡിയക്കുമെതിരെ പിഴ ചുമത്തി രാജസ്ഥാൻ സർക്കാർ . രേഖകള്‍ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നല്‍കിയതിനെ തുടര്‍ന്നാണ് വോഡഫോണിനും ഐഡിയക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇതുമൂലം 68.5 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താക്കളില്‍ ഒരാള്‍ക്ക് 27,53,183 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. രാജസ്ഥാന് സര്‍ക്കാരിൻ്റെ ഐടി വകുപ്പാണ് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിനോട് പിഴ നല്കാന് ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സിം കാര്‍ഡ് അയാളുടെ ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ശരിയായ പരിശോധനയില്ലാതെ വി നല്കിയ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴി നിയമവിരുദ്ധമായി ഫണ്ടുകള്‍ പ്രതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
2017 മേയിലാണ് കേസ് ആരംഭിക്കുന്നത്. കൃഷ്ണ ലാല്‍ നെയ്ന്‍ എന്ന വ്യക്തി ഹനുമാന്‍ഗഡില്‍ പരാതി നല്‍കിയതിനെ തുടർന്ന് അദ്ദേഹത്തിന് ഒരു പുതിയ നമ്പര്‍ ലഭിച്ചു, പക്ഷേ നിരവധി പരാതികള്‍ നല്‍കിയിട്ടും സിം സജീവമായില്ല. ജയ്പൂര്‍ സ്റ്റോറില്‍ പരാതി എടുക്കുകയും നമ്പര്‍ സജീവമാക്കുകയും ചെയ്തപ്പോള്‍ അഞ്ച് ദിവസം കഴിഞ്ഞിരുന്നു. ഇതിനിടെ ഡ്യൂപ്ലിക്കേറ്റ് സിമ്മുള്ള പ്രതി ഒടിപി വഴി അനധികൃതമായി പണം തട്ടിയെടുത്തു.
സംഭവം പ്രശ്നമായതിനെ തുടര്‍ന്ന് പരാതിക്കാരന് പ്രതി 44 ലക്ഷം തിരികെ നല്കിയപ്പോള് 27.5 ലക്ഷം രൂപ കിട്ടാക്കടമായി തുടര്‍ന്നു. ഇതോടെയാണ് വോഡഫോണ്‍ ഐഡിയയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഫയല്‍ ചെയ്തത്. തുടർന്ന് കമ്പനിയെ കുറ്റക്കാരനാക്കുകയും പരാതിക്കാരന് തുക നല്കാന് കമ്പനിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തതു.
‘വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 27,53,183 രൂപ അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു മാസത്തിനുള്ളില്‍ നിക്ഷേപിക്കണം, അല്ലാത്തപക്ഷം 10 ശതമാനം പലിശ നല്‍കേണ്ടി വരും. ഐടി ഡിപ്പാര്‍ട്ട്മെന്റ് അഡ്ജക്ടിംഗ് ഓഫീസറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അലോക് ഗുപ്ത പുറപ്പെടുവിച്ച സെപ്റ്റംബര്‍ 6 ലെ ഉത്തരവ് പ്രകാരമാണിത്. പണമടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്.
വ്യക്തിഗത ഡാറ്റ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വിതരണം ചെയ്യുന്നതും പുതിയ സിം കാര്‍ഡ് സജീവമാക്കുന്നതിലെ കാലതാമസവുമാണ് വൊഡാഫോണിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയത്.