കുവൈത്ത് സിറ്റി: 5500 ചതുരശ്രമീറ്ററിൽ ഒരുങ്ങി ദുബൈയ് എക്സ്പോയിലെ കുവൈത്ത് പവിലിയൻ. കുവൈത്തിൻ്റെ സംസ്കാരവും പൈതൃകയും വിവിധ മേഖലകളിലെ നേട്ടങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് പവിലിയൻ എന്ന് വാർത്തവിനിമയ മന്ത്രാലയത്തിലെ എക്സ്പോ പങ്കാളിത്തത്തിൻ്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി മുനീറ അൽ ഹുവൈദി പറഞ്ഞു.
കുവൈത്തിൻ്റെ ഐക്കണുകളിലൊന്നായ വാട്ടർ ടവർ, ശൈഖ് ജാബിർ കൾചറൽ സെൻറർ എന്നിവയുടെ മാതൃകയിലാണ് പുറംകാഴ്ച. മാനുഷിക സേവന മേഖലകളിലെ കുവൈത്തിൻ്റെ സംഭാവനകൾ, രാജ്യത്തിലെ നിക്ഷേപാവസരങ്ങൾ, പൈതൃക സ്ഥലങ്ങളും സംഭവങ്ങളും തുടങ്ങിയവ പരിചയപ്പെടുത്തും.
24 മീറ്റർ ഉയരത്തിലുള്ള പവിലിയൻ അവസാനഘട്ട പണിപ്പുരയിലാണ്. ‘പുതിയ കുവൈത്ത്, സുസ്ഥിരതക്ക് പുതിയ അവസരങ്ങൾ’ എന്ന തലക്കെട്ടിലാണ് പവിലിയൻ ഒരുക്കുന്നത്. കാഴ്ചകളും ശബ്ദങ്ങളും ഉപയോഗിച്ച് സന്ദർശകർക്ക് ഗംഭീര അനുഭവം സമ്മാനിക്കാൻ തയാറെടുക്കുകയാണെന്നും പവിലിയൻ തയാറാക്കിയ കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നതായും മുനീറ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് ഇവൻറായ ദുബൈയ് എക്സ്പോ ഒക്ടോബർ ഒന്നിനാണ് ആരംഭിക്കുന്നത്. 2022 മാർച്ച് 31 വരെയാണ് ഇവൻറ് നടക്കുന്നത്.