ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പടുത്തുന്നത് കേന്ദ്ര സർക്കാരിന്റെ ആലോചനയിൽ. വെള്ളിയാഴ്ച ലഖ്നൗവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും.
വരാനിരിക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇന്ധനവിലയും അതേത്തുടര്‍ന്നുള്ള വിലക്കയറ്റവും പ്രതിപക്ഷം പ്രചാരണവിഷയമാക്കുമെന്നിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം. വിഷയം ജി.എസ്.ടി കൗണ്‍സിലില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍പ്പുയര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കലാവും കേന്ദ്രം ഉദ്ദേശിക്കുന്നത്.
അതേസമയം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് കേരളത്തിന്റെ തീരുമാനമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമുണ്ട്. ഈ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് പുതിയ തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.