അബൂദബി: അപകടസ്ഥലങ്ങളിൽ ജനങ്ങൾ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ജനങ്ങൾ ഒത്തുകൂടുന്നത് ആംബുലൻസുകൾ, എമർജൻസി വാഹനങ്ങൾ, ട്രാഫിക് പെട്രോളിംഗ്, സിവിൽ ഡിഫൻസ് എന്നിവക്ക് തടസ്സം സൃഷ്ടിക്കും. ഇതുമൂലം പരിക്കേറ്റവരെ പരിചരിക്കാനും അവരുടെ ജീവൻ രക്ഷിക്കാനും അധികൃതർക്ക് ഉത്തരവാദിത്തം നിർവഹിക്കാനുമുള്ള ശ്രമങ്ങൾക്ക് തടസമുണ്ടാകുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
പരിക്കേറ്റവരെ രക്ഷിക്കുന്നതിന് ആംബുലൻസുകളും സിവിൽ ഡിഫൻസും അപകട സ്ഥലങ്ങളിൽ എത്തിച്ചേരേണ്ടതുണ്ട്. ചില ഡ്രൈവർമാർ വാഹനവുമായി അപകട സ്ഥലത്ത് നിൽക്കുന്നതിനാൽ ഗതാഗത തടസ്സമുണ്ടാകുന്നു. കാൽനടയാത്രക്കാരും ഇത്തരം സ്ഥലങ്ങളിൽ ഒത്തുചേരുന്നു. ഇതെല്ലാം അധികൃതർക്ക് പ്രായാസം സൃഷ്ടിക്കുന്നതാണ്.
ഇത്തരം സ്ഥലങ്ങളിൽ പാലിക്കേണ്ട റോഡ് ഗതാഗത നിർദേശങ്ങൾ ഡ്രൈവർമാരും ജനങ്ങളും പാലിച്ച് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകണം. രക്ഷാപ്രവർത്തനത്തിന് അസൗകര്യം സൃഷ്ടിക്കുന്ന സാഹചര്യങ്ങളിൽ പൊലീസ് പിഴ ചുമത്തുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്നും അപകടമുണ്ടായ സ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തിയാൽ 1000 ദിർഹം പിഴചുമത്തുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ അപകടങ്ങളിൽപെടുന്ന വാഹനങ്ങളുടെയും പരിക്കേറ്റവരുടെയും ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ട്രാഫിക് അപകടങ്ങൾ ചിത്രീകരിക്കുന്നതും പരിക്കേറ്റവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും ശിക്ഷാനിയമത്തിലെ 197/ 2 പ്രകാരം ക്രിമിനൽ കുറ്റമാണ്. അപകട വിവരങ്ങളും വാർത്തകളും സത്യമാണെങ്കിൽ പോലും പൊലീസിൻ്റെ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.