ഇന്ത്യയിലെ പ്രമുഖ ട്രാവൽസ് ഗ്രൂപ്പായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് ഗോൾഡൻ വിസ നൽകി യു.എ.ഇ. മലപ്പുറം പൊന്നാനി സ്വദേശിയായ നാസർ മുംബൈ ആസ്ഥാനമായി ട്രാവൽ മേഖലയിൽ നാലു പതിറ്റാണ്ടായി പ്രവർത്തിചുവരികയാണ്. 10 വർഷത്തെ ഗോൾഡൻ വിസയാണ് യു.എ.ഇ സമ്മാനിച്ചത്. ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളിയാണ് അബ്ദുൽ നാസർ.
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിക്കും താരചക്രവർത്തി മോഹൻലാലിനും രണ്ടാഴ്ച മുൻപ് ഗോൾഡൻ വിസ യു.എ.ഇ സർക്കാർ സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെ നടൻ ടൊവിനോ തോമസിനും യു.എ.ഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിച്ചു. നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് ഉൾപ്പടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപ്പടെ കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു.
വിവിധ വിഭാഗങ്ങളിൽപെട്ടവർ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് യു.എ.ഇ സർക്കാർ വിസ നൽകിവരുന്നത്. വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും, അതിന് ഈ രാജ്യത്തിലെ ഭരണാധികാരികളോട് നന്ദി പറയുന്നുവെന്നും അബ്ദുൽ നാസർ പ്രതികരിച്ചു.
40 വർഷത്തിലധികമായി ട്രാവൽ വ്യവസായ രംഗത്ത് മികച്ച സേവനം നടത്തിവരുന്ന അക്ബർ ഗ്രൂപ്പിന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ബ്രാഞ്ചുകളുണ്ട്.