നടൻ റിസബാവ അന്തരിച്ചു

പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാ​ദുഷയാണ് റിസബാവയുടെ മരണ വാർത്ത പുറത്തുവിട്ടത്. 

വിവിധ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. നാടക നടനായിരുന്ന റിസബാവ ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറിയത്. 

1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.