ജുബൈൽ : തബൂക്കിനു സമീപത്തെ ചെങ്കടലിൽ അൽ-വഖാദി ദ്വീപിന് തെക്കു ഭാഗത്ത് 10 മീറ്ററിലധികം ഉയരവും 600 വർഷം പഴക്കവുമുള്ള പവിഴപ്പുറ്റ് ശേഖരം കണ്ടെത്തി.
സൗദി സമുദ്ര ശാസ്ത്രജ്ഞരും പരിസ്ഥിതി വിദഗ്ധരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടലിൻ്റെ അടിത്തട്ടിൽ ഇത്രയും വലിയ പവിഴപ്പുറ്റു നിറഞ്ഞ പ്രദേശം കണ്ടെത്തിയത്. റെഡ്സീ ഡെവലപ്മെൻറ് കമ്പനിയാണ് ഈ കാര്യം അറിയിച്ചത്.
പവിഴപ്പുറ്റിൻ്റെ പുറം ഘടനയിൽ വർഷന്തോറും വളരുന്ന വളയങ്ങളുടെ അളവും എണ്ണവും അളന്നാണ് അവയുടെ പ്രായം കണക്കാക്കുന്നത്. പവിഴപ്പുറ്റുകളുടെ വളയങ്ങൾ ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിലൂടെ ശാസ്ത്രജ്ഞർക്ക് മുൻ വർഷങ്ങളിലെ സമുദ്ര താപനിലയും ആ കാലഘട്ടത്തിലെ അതിൻ്റെ രാസഘടനയും അറിയാൻ കഴിയും. തുടക്കത്തിൽ കടൽതീരത്തെ പാറയോട് ചേരുമ്പോഴാണ് അവയുടെ യഥാർഥ സൗന്ദര്യം രൂപപ്പെടുന്നത്. അതിൻ്റെ താഴ്ഭാഗം കട്ടിയുള്ള ചുണ്ണാമ്പുകല്ലുകൊണ്ടു നിർമിച്ചതാണ്.
ഏകദേശം നൂറോളം ഇനങ്ങളിലുള്ള ഒച്ചുകൾ, നൂറു കണക്കിന് വിവിധ തരത്തിലുള്ള മത്സ്യങ്ങൾ, ചെറിയ സസ്യങ്ങൾ, വിവിധ തരത്തിലുള്ള കടൽക്കുതിരകൾ തുടങ്ങി ലക്ഷക്കണക്കിന് ജീവികളുടെ ആവാസകേന്ദ്രമാണിവിടം.