ദോഹ: കോവിഡിനെതിരെ ബൂസ്റ്റർ ഡോസ് പ്രതിരോധ മരുന്ന് കുത്തിവെക്കാൻ ആരോഗ്യമന്ത്രാലയം അനുവാദം നൽകിയതോടെ, ‘മൂന്നാം ഡോസ്’ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് ഇഹ്തിറാസ് ആപ്ലിക്കേഷൻ . ഒന്നും രണ്ടും ഡോസ് വക്സിൻ സ്വീകരിച്ച് പ്രതിരോധശേഷി ഉറപ്പിച്ചവർ എന്ന് തെളിയിക്കുന്ന ഇഹ്തിറാസിലെ വാക്സിനേഷൻ പേജിലാണ് മൂന്നാം ഡോസിനുള്ള ഓപ്ഷൻ തെളിഞ്ഞത്.
നിലവിൽ വാക്സിനേറ്റഡ് സ്റ്റാമ്പിനൊപ്പം ആദ്യ രണ്ട് ഡോസും സ്വീകരിച്ച തീയതിയും കുത്തിവെച്ച മരുന്നിൻെറ വിശദാംശങ്ങളും ലഭ്യമാണ്.ആപ്ലിക്കേഷനിൽ നിലവിലെ സംവിധാന പ്രകാരം രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസത്തിനുശേഷം സ്വർണ നിറത്തിലെ കളങ്ങളോടെയാണ് വാക്സിനേറ്റഡ് ആയി എന്ന് തെളിയിക്കുന്നത്.
എട്ട് മുതൽ 12 മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇഹ്തിറാസിലെ ഗോൾഡൻ സ്റ്റാറ്റസ് നഷ്ടമാവും. എന്നാൽ, നിലവിൽ ഹൈറിസ്ക് വിഭാഗങ്ങൾക്കാണ് വാക്സിൻ നൽകിത്തുടങ്ങുന്നത്. ഇവർ മൂന്നാം ഡോസ് സ്വീകരിച്ച് ഗോൾഡൻ സ്റ്റാറ്റസ് നിലനിർത്തണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.