മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ബഹ്റൈൻ ഇന്ത്യ സൊസൈറ്റി (ബി.ഐ.എസ്) ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി ചർച്ച നടത്തി. എംബസിയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായി.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വ്യാപാര -സാമ്പത്തിക സഹകരണം കൂടുതൽ വളർച്ച പ്രാപിക്കുന്നതിൽ അംബാസഡർ സംതൃപ്തി പ്രകടിപ്പിച്ചു. വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാമ്പത്തികം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തണം. പുനരുപയോഗിക്കാവുന്ന ഊർജം, ഫാർമസ്യൂട്ടിക്കൽ, ഐടി-ഡേറ്റ സെൻറർ, അഗ്രോ പ്രോസസിങ്, ലോജിസ്റ്റിക്സ്, ടൂറിസം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകൾ ഇതിൽ പ്രധാനമാണ്.
ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെൻറ് ബോർഡ്, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ്, വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയം എന്നിവയുമായി ചേർന്ന് ബി.ഐ .എസ് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യവും അംബാസഡർ ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ ബി.ഐ .എസ് കൈക്കൊണ്ട വിവിധ നടപടികൾ ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമ വിശദീകരിച്ചു. സാമ്പത്തിക, സാംസ്കാരിക, കായിക, ശാസ്ത്ര മേഖലകളിൽ അടുത്ത ബന്ധം വളർത്തിയെടുക്കാൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വ്യാപാര -വാണിജ്യ സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ തുടങ്ങിയവയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
സൊസൈറ്റി സ്ഥാപക ചെയർമാൻ അബ്ദുന്നബി അൽഷോല, വൈസ് ചെയർമാൻ പി.എസ്. ബാലസുബ്രഹ്മണ്യം, ജനറൽ സെക്രട്ടറി സഹ്റ താഹർ, ട്രഷറർ ആർ. വിജയ് ബലൂർ, ബോർഡ് അംഗങ്ങളായ മുഹമ്മദ് അൽ ഖാജ, കിഷോർ കേവൽറാം, ഹരീഷ് ഗോപിനാഥ്, തലാൽ അൽ മന്നായി, സോമൻ ബേബി, വിനോദ് ദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.