കുവൈത്ത് സിറ്റി: കുവൈത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ദൗത്യം പുരോഗമിക്കുന്നു. ഇതുവരെ 12നും 15നും ഇടയിൽ പ്രായമുള്ള 2,20,000 പേർക്കാണ് പ്രതിരോധ കുത്തിവെപ്പ് നൽകിയത്.
സ്കൂൾ വർഷാരംഭത്തിന് മുമ്പ് ഈ പ്രായപരിധിയിലെ മുഴുവൻ കുട്ടികൾക്കും രണ്ട് ഡോസ് വാക്സിനും നൽകാനാണ് ഗവൺമെറ്റിൻ്റെ തീരുമാനം.
കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് കുവൈത്തിലെയും അന്താരാഷ്ട്രതലത്തിലെയും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
വാക്സിൻ സ്വീകരിച്ചവർക്ക് ഇതുവരെ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള ഫൈസറിൻ്റെ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നേരത്തെ അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും കാനഡയിലും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നുണ്ട്.