മസ്കറ്റ് : ‘ടൂർ ഓഫ് സലാല’ സൈക്ലിങ് ചാമ്പ്യൻഷിപ്പിനായി ദോഫാർ ഒരുങ്ങി. ഖരീഫ് സീസണിന് അവസാനംകുറിച്ചുകൊണ്ട് ഒമാൻ സൈക്ലിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരം ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് നടക്കുക.
സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയത്തിന്റെ കൂടി സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത് . 15 ടീമുകളിലായി 150 സൈക്ലിങ് താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ടീമുകളിൽ പത്തെണ്ണം ഒമാനിൽനിന്നും അഞ്ചെണ്ണം ജി.സി.സി രാഷ്ട്രങ്ങളിൽനിന്നുമാണ്.
സംഘാടക കമ്മിറ്റിയുടെ നേതൃത്വത്തിൽ പങ്കെടുക്കുന്ന ടീമുകളെ ഉൾക്കൊള്ളിച്ചുള്ള ടെക്നിക്കൽ മീറ്റിങ് ഇന്ന് നടക്കും. ചൊവ്വാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് യൂത്ത് കോംപ്ലക്സ് ഫോർ കൾചർ ആൻഡ് എൻറർടെയ്ൻമെൻറിനു മുന്നിൽ നിന്നാരംഭിക്കുന്ന മത്സരത്തിൽ അൽ നഹ്ദ ടവർ വരെയുള്ള ആറു കിലോമീറ്റർ ദൂരമാണ് മത്സരാർഥികൾ പിന്നിടെണ്ടത് . പുരാതന തുറമുഖമായ സംഹറത്തിൽനിന്ന് മുഖ്സൈൽ ബീച്ച് വരെയുള്ള 106 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്.
അൽ ബലീദ് ആർക്കിയോളജിക്കൽ പാർക്കിന് മുന്നിൽനിന്ന് ഖൈറൂൺ ഹെരിറ്റി വരെയുള്ള 101 കിലോമീറ്റർ ദൂരമാണ് മൂന്നാം ദിവസം മത്സരാർഥികൾ പിന്നിടെണ്ടത്. തഖാ കോട്ടക്കു മുന്നിൽ നിന്നാണ് അവസാന ദിവസമായ വെള്ളിയാഴ്ച മത്സരം ആരംഭിക്കുക. 109 കിലോമീറ്റർ അൽ സാദാ സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുക. സമാപന ചടങ്ങും ഇവിടെ വെച് നടക്കും. 7785 റിയാലാണ് ചാമ്പ്യൻഷിപ്പിന്റെ പ്രൈസ്മണിയായി വിജയികൾക് നൽകുക.