മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള മടക്കം ആഘോഷമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ന്യൂ കാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ നേട്ടവുമായാണ് റോണോ 12 വര്‍ഷത്തിന് ശേഷമുള്ള തന്റെ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള മടക്കം ആഘോഷിച്ചത്.
റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെ 4-1ന് പരാജയപ്പെടുത്തി. വിജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡ്ഡി വുഡ്മാന് പറ്റിയ കൈപ്പിഴയാണ് റൊണാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.
രണ്ടാം പകുതിയില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ സമനില വീണ്ടെടുത്തു. 56ാം മിനിറ്റിലായിരുന്നു ന്യൂകാസിലിന്റെ സമനില ഗോള്‍. എന്നാല്‍ സമനില ഗോളിന്റെ ആശ്വാസം ന്യൂകാസിലിന് അധിക നേരം നിലനിര്‍ത്താനായില്ല. ആറ് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിനെ ചുവപ്പിച്ച് തന്റെ രണ്ടാം ഗോളും നേടി മടങ്ങിവരവ് രാജകീയമാക്കി.
2009ല്‍ യുണൈറ്റഡ് വിട്ട് റയലിലേക്ക് ചേക്കേറിയ റൊണാള്‍ഡോ 2018ല്‍ റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് പോയി. തുടര്‍ന്നാണ് ഈ സീസണില്‍ യുണൈറ്റഡിലേക്ക് മടങ്ങിയത്.