കണ്ണൂർ: യുട്യൂബ് വ്ലോഗർമാരായ ഇ-ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലര്‍ നെപ്പോളിയ’ന്റെ രജിസ്ട്രേഷനാണ് ആറ് മാസത്തേക്ക് റദ്ദാക്കിയിരിക്കുന്നത്. അതിനുള്ളിൽ വാഹനത്തിലെ അനധികൃത മോഡിഫിക്കേഷനുകൾ മാറ്റി ആർസി ബുക്കിൽ രേഖപ്പെടുത്തിയതുപോലെ ഹാജറാക്കി പിഴ അടച്ചാൽ വാഹനം റജിസ്ട്രേഷൻ പുതുക്കി നൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് വ്ളോഗര്മാര്ക്ക് മോട്ടോര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് നടപടി. നിലവില്‍ മൂന്ന് മാസത്തേക്കാണ് രജിസ്ട്രേഷന് റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വാഹനം സ്റ്റോക്ക് കണ്ടീഷനില്‍ ഹാജരാക്കിയില്ലെങ്കില്‍ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കും.
മൂന്ന് മാസത്തിനുള്ളില്‍ വാഹനം അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്ട്രേഷന് പൂര്‍ണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നത്. വാഹനത്തിന്റെ രൂപം പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇ ബുൾ ജെറ്റിനെതിരായ കേസിൽ മോട്ടോർ വാഹന വകുപ്പ് നേരത്തേ തലശ്ശേരി എസിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വാഹന ഉടമകളായ എബിനും ലിബിനും 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കുറ്റപത്രം നൽകിയത്. 1988ലെ മോട്ടർ വാഹന വകുപ്പ് നിയമവും, കേരള മോട്ടർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.
ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടിഓഫീസിൽ എത്തി ബഹളം വയ്ക്കുകയും , പൊതുമുതൽ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത കേസിലാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്. റിമാൻഡിലായതിന്റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നു.

















