അടൂര്‍: തമിഴ്നാട്ടില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസില്‍ കൊല്ലം വഴി തിരുവല്ലക്ക് വില്പനക്ക് കൊണ്ടുവന്ന നാല് കിലോ 200 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ അടൂരില്‍ പിടികൂടി. ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുരേഷ് ഭവനത്തില്‍ സുമേഷ് (43), കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില് ജോബിന് (26) എന്നിവരെയാണ് ജില്ല പൊലീസ് ആൻറി നാര്‍ക്കോട്ടിക് സ്ക്വാഡ് (ഡാന്‍സാഫ്) അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെ 10.50ന് അടൂരില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡില്‍ വന്നിറങ്ങിയ ഇവര്‍ രണ്ടു ബാഗുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.ജില്ല പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ആര്. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ തന്ത്രപരമായാണ് ഇവരെ കുരുക്കിയതെന്ന് പൊലീസ് പറഞ്ഞു.