റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് സൗദി അറേബ്യ നീട്ടി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് യാത്രാ വിലക്ക് പിൻവലിക്കുന്ന കാര്യം പരിഗണിക്കും.
അതേസമയം സൗദി യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യു.എ.ഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളെ ഒഴിവാക്കി. ഈ രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പൂർണമായി നീക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ കരാതിർത്തിയും തുറമുഖങ്ങളും എയർപോർട്ടുകളും വഴി സൗദിയിൽ പ്രവേശിക്കാം. ഈ മൂന്നു രാജ്യങ്ങളിലേക്കും യാത്ര പോകുന്നതിന് സൗദി പൗരന്മാർക്ക് അനുമതി നൽകിയിട്ടുമുണ്ട്.