കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സന്ദര്‍ശക വിസകള്‍ ഒക്ടോബറില്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഫാമിലി, വാണിജ്യ, വിനോദസഞ്ചാര സന്ദര്‍ശക വിസകളൊന്നും അനുവദിക്കുന്നില്ല. എല്ലാ തരത്തിലുള്ള വിസിറ്റ് വിസകളും ഒക്ടോബറില്‍ മന്ത്രിസഭാ അനുമതി ലഭിച്ച ശേഷം നിബന്ധനകളോടെ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ സന്ദര്‍ശക വിസകള്‍ക്കുള്ള നിയന്ത്രണവും ഒഴിവാക്കാമെന്ന നിലപാടാണ് അധികൃതര്‍ക്ക്. അതേസമയം നിലവില്‍ വളരെ പരിമിതമായ രീതിയിലാണ് സന്ദര്‍ശക വിസ നല്‍കിയിരുന്നത്. ഇതില്‍ ഏറെയും കൊറോണ എമര്‍ജന്‍സി കമ്മറ്റിയുടെ അനുമതിക്ക് വിധേയമായി ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ ഉപദേശകര്‍, എഞ്ചിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ചില പ്രഫഷണലുകള്‍ക്കും ആയിരുന്നു.