അബുദാബി: വിദേശ രാജ്യങ്ങളില്‍ നിന്ന് അബുദാബിയിലെത്തുന്ന വാക്സിന് സ്വീകരിച്ചവര്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ ക്വാറന്റീന് ആവശ്യമില്ല. ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്.
ഒരേ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 14 ദിവസമെങ്കിലും പൂര്‍ത്തിയാക്കിയവര്‍ക്കാണ് പുതിയ ഇളവ് ബാധകമാവുന്നതെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.
പൂര്‍ണമായി വാക്സിനെടുത്തവര്‍ ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നാണ് എത്തുന്നതെങ്കില്‍ അവര്‍ക്ക് ക്വാറന്റീന് ആവശ്യമില്ല. യുഎഇയില്‍ എത്തുമ്പോഴും പിന്നീട് ആറാം ദിവസവും കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാവണം.
ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കും ക്വാറന്റീന് ബാധകമല്ല. എന്നാല്‍ അബുദാബിയിലെത്തിയ ഉടനെയും പിന്നീട് നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന നടത്തണം.
വാക്സിനെടുക്കാത്ത യാത്രക്കാര്‍ ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്ന് വരികയാണെങ്കില്‍ അവര്‍ക്കും ക്വാറന്റീന് ഇല്ല. പകരം അബുദാബിയിലെത്തിയ ഉടനെയും പിന്നീട് ആറാം ദിവസവും ഒന്‍പതാം ദിവസവും പരിശോധന നടത്തണം. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് വാക്സിനെടുക്കാത്തവര്‍ എത്തുന്നതെങ്കില്‍ 10 ദിവസത്തെ ക്വാറന്റീന് പൂര്‍ത്തീകരിക്കണം. യുഎഇയിലെത്തിയ ഉടനെയും പിന്നീട് ഒന്‍പതാം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം.