മലപ്പുറം;തിരൂരിൽ രണ്ട് കോടിയിലേറെ രൂപയുടെ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ.ലോറിയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി തൃശൂർ വെള്ളാഞ്ചിറ പൊരുന്നംകുന്ന് സ്വദേശി അത്തിപള്ളത്തിൽ ദിനേശൻ എന്ന വാവ ദിനേശൻ (37), മറ്റത്തൂർ ഒമ്പതിങ്ങൽ സ്വദേശി വട്ടപ്പറമ്പിൽ ബിനീത് എന്ന കരിമണി ബിനീത് (31), പാലക്കാട് ആലത്തൂർ കാവശ്ശേരി സ്വദേശി പാലത്തൊടി മനോഹരൻ (31) എന്നിവരെയാണ് തിരൂർ പൊലീസ് പിടികൂടിയത്.
കർണാടകയിൽനിന്ന് ലോറി വാടകക്കെടുത്ത് ആന്ധ്രയിൽനിന്ന് കിലോഗ്രാമിന് അഞ്ഞൂറുരൂപ കൊടുത്ത് വാങ്ങുന്ന കഞ്ചാവ് കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഏജൻറുമാർക്ക് 30,000 രൂപവരെ ഈടാക്കിയാണ് വിൽപന.തൃശൂർ, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിലുൾപ്പെട്ട അന്തർസംസ്ഥാന കഞ്ചാവ് മാഫിയ സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു