ദുബൈ: പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ക്ക് ഫൈസര്‍ ബയോഎന്‍ടെക് വാക്സിന്റെ മൂന്നാം ഡോസ് നല്‍കുമെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. പ്രത്യേക മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഈ വിഭാഗത്തിലുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന് നല്‍കുകയെന്നും അറിയിച്ചിട്ടുണ്ട്.
പ്രതിരോധ ശേഷി കുറഞ്ഞവര്‍, ക്യാന്‍സര്‍ രോഗികള്‍, ക്യാന്‍സര്‍ രോഗത്തിന് അടുത്തിടെ ചികിത്സ ലഭിച്ചവര്‍, അവയവമാറ്റത്തിന് വിധേയമായവര്‍, മൂലകോശ ചികിത്സയ്ക്ക് വിധേയമായവര്‍, എച്ച്.ഐ.വി രോഗികള്‍, പ്രതിരോധ ശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളെയാണ് മൂന്നാം ഡോസിനായി പരിഗണിച്ചിരിക്കുന്നത്.
12 വയസിന് മുകളിലുള്ളവര്‍ക്ക് മൂന്നാം ഡോസ് ലഭ്യമാവും. മൂന്നാം ഡോസ് ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് വിലയിരുത്തേണ്ടത്. ആവശ്യമെങ്കില്‍ ഡോക്ടര്‍മാര്‍ തന്നെ അതേ ആശുപത്രിയില്‍ വാക്സിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യും.
ദുബൈയില്‍ ഇഷ്യൂ ചെയ്ത വിസയുള്ളവര്‍ മറ്റ് സ്ഥലങ്ങളിലാണ് രോഗത്തിന് ചികിത്സ തേടുന്നതെങ്കില്‍ അവരുടെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇവര്‍ വാക്സിന് ലഭിക്കുന്നതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റിയിലെ ഫാമിലി മെഡിസിന് ഡോക്ടറെ കാണുകയോ 800 342 നമ്പറില്‍ വിളിച്ച് അപ്പോയിന്റ്മെന്റ് എടുക്കുകയോ വേണം.