തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. പ്ലസ് വൺ മോഡൽ പരീക്ഷകൾ നടക്കാനിരിക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ നടക്കുന്നതിനാൽ അധ്യാപകരുടെ സാന്നിധ്യം അനിവാര്യമാണെന്നും അതിനാൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കനാമെന്നും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു.
കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ട അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസും അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയാണ്. ഓണ്‍ലൈന്‍ ക്ലാസും കോവിഡ് ഡ്യൂട്ടിയും അധ്യാപകരെ സമ്മര്‍ദ്ദത്തിലാക്കുന്നു. പഞ്ചായത്ത് ഹെല്പ് ഡെസ്കുകളിലും ഹെല്‍ത്ത് സെന്ററുകളിലും ജാഗ്രതാ സമിതികളിലും കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ മുന്നണിപ്പോരാളികളെ സഹായിക്കാനും സമൂഹത്തോടുള്ള കടമ നിര്‍വഹിക്കാനും അധ്യാപകര്‍ സന്നദ്ധരാണെങ്കിലും ഔദ്യോഗിക ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുവാന്‍ അധിക സമയം കണ്ടെത്തേണ്ടി വരുന്നതായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിെന്റ പ്രായോഗികത പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ പറഞ്ഞിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. കോവിഡ് ഉന്നതതല സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.