ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലേഖറ വെങ്കലമെഡല്‍ സ്വന്തമാക്കി. ഇന്ത്യ ടോക്യോ പാരാലിമ്പിക്സില്‍ നേടുന്ന 12-ാം മെഡലാണിത്. ചൈനയുടെ ക്യൂപിങ് സാങ് സ്വർണവും ജർമനിയുടെ നടാഷ ഹിൽട്രോ വെള്ളിയും നേടി. പാരലിമ്പിക്സിൽ ഒരേ ഗെയിംസിൽ രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കായിക താരമായി അവനി മാറി.
നേരത്തെ പാരലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ചരിത്ര നേട്ടം അവനി സ്വന്തമാക്കിയിരുന്നു. വനിതകളുടെ 10 മീ. എയർ റൈഫിൾ സ്റ്റാൻഡിങ് (എസ്.എച്ച് 1) ഇനത്തിലായിരുന്നു അവനിയുടെ സുവർണനേട്ടം.