തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി തീരുമാനമെടുക്കും. സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടുവച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലുള്‍പ്പെടെ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് കേരളത്തിലും അതിന്റെ പ്രായോഗികത പരിശോധിക്കുന്നത്. ഇതിനായി നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമാകും സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുക. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയതിന് ശേഷം സ്‌കൂളുകള്‍ തുറന്നാല്‍ മതി എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

















