പരവൂര്‍ : കൊല്ലം പരവൂരില്‍ ബീച്ചിലെത്തിയ അമ്മയ്ക്കും മകനും നേരെയുണ്ടായ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതി ആശിഷ് പിടിയില്‍. തെന്മലയില് നിന്നാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.
പ്രതി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശിഷിനെ പിടികൂടിയത്.
തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വച്ചാണ് ഷംലയ്ക്കും മകന് സാലുവിനും അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം ആശിഷില്‍ നിന്ന് നേരിടേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകനെയും ക്രൂരമായി ആക്രമിച്ചത്.
അസഭ്യം പറഞ്ഞ് സാലുവിനെ പരാതി കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാന്‍ ശ്രമിച്ച ഷംലയുടെ കഴുത്തില്‍ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.
അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോള്‍ അതിന് തെളിവ് ആവശ്യപ്പെട്ടു. ആളുകള്‍ കൂടുന്നതുകണ്ടപ്പോഴാണ് ഇയാള്‍ മര്‍ദനം അവസാനിപ്പിച്ചത്. രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വര്‍ഷമായി ചികിത്സയിലാണ് ഷംല.
ഷംലയും സാലുവും പരവൂര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം നെടുങ്ങോലം താലൂക്കാശുപത്രിയിലും പിന്നീട് പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ പരവൂര്‍ എ.സി.പി.യെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.