അബുദാബി:യുഎഇയിൽ വാഹനാപകടത്തിൽ രണ്ടു പ്രവാസി മലയാളികൾ മരിച്ചു. കോഴിക്കോട് തട്ടോലിക്കര സ്വദേശി ശിവദാസ് (47), കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫിറോസ് (45) എന്നിവരാണ് മരിച്ചത്.റാസൽഖൈമയിലെ റാക് 611 ബൈപ്പാസിൽ ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രെയിലറിന്റെ പിന്നിലിടിച്ചായിരുന്നു അപകടം.
ഫിറോസാണ് വാഹനമോടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ദിബ്ബ മോഡേൺ ബേക്കറിയിലെ ജീവനക്കാരാണ് ഇവർ. ബേക്കറിയുടെ ആസ്ഥാനം റാസൽഖൈമയിലാണ്. അവിടെനിന്ന് സാധനങ്ങളുമായി ഷാർജയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഫിറോസ് ഡ്രൈവറായും ശിവദാസ് ബേക്കറിയിൽ ഷെഫായും ജോലി ചെയ്യുകയാണ്.
ആറുമാസമായി ശിവദാസും എട്ടുമാസമായി ഫിറോസും ബേക്കറിയിൽ ജോലിയിലുണ്ട്. ശിവദാസിന്റെ ഭാര്യ കോമളവല്ലി (രാജി). മക്കൾ: ഗോപിക, കീർത്തന. മാധവന്റെയും വിമലയുടേയും മകനാണ്. സഹോദരൻ: സജീവൻ. ഇമ്പിച്ചമ്മു പള്ളിക്കണ്ടിയുടെയും സൈനബിയുടെയും മകനാണ് ഫിറോസ്. ഭാര്യ: സറീന. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.