കോഴിക്കോട്: പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ റിസോർട്ടിലെ നാലു തടയണകൾ പൊളിച്ചുമാറ്റാൻ ഉത്തരവ്. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞു തടയണ നിര്‍മ്മിച്ചെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ കലക്ടറുടേതാണ് ഉത്തരവ്.
കേരള നദീസംരക്ഷണ സമിതി നൽകിയ ഹർജിയിൽ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ച് നീക്കണമെന്നും അതിന്റെ ചിലവ് പാര്‍ക്കിന്റെ ഉടമയില്‍ നിന്ന് ഈടാക്കണമെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.
സമുദ്രനിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ നിയമം ലംഘിച്ച് നിർമ്മിച്ച തടയണകളും വില്ലകളും പൊളിച്ചുനീക്കണമെന്ന രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ വർഷം ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാതെ കളക്ടർ ഇക്കഴിഞ്ഞ ജനുവരി 25ന് ജില്ലാ കളക്ടർ വിചാരണ നടത്തി റിസോർട്ടിലെ തടയണകളും അനധികൃത നിർമ്മാണങ്ങളും പരിശോധിക്കാൻ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് തേടുകയുമായിരുന്നു. എന്നാൽ വിദഗ്ദ സമിതിയെ നിയോഗിക്കുകയല്ലാതെ ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടർ അനധികൃത തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെയാണ് രാജൻ കളക്ടർക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

















