ടോക്കിയോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ എഫ്64 വിഭാഗത്തിൽ സുമിത് ആന്റിൽ സ്വർണം നേടി. 68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റിക്കാർഡോടെ സ്വർണം സ്വന്തമാക്കിയത്.
ആദ്യ ശ്രമത്തില്‍ തന്നെ 66.95 മീറ്റര്‍ എറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. രണ്ടാം ശ്രമത്തില്‍ 68.08 മീറ്റര്‍ ദൂരം കടത്തി വീണ്ടും റെക്കോര്‍ഡ് തിരുത്തി. തുടര്‍ന്ന് അഞ്ചാം ശ്രമത്തില്‍ മിനിറ്റുകള്‍ക്ക് മുമ്പ് താന്‍ സൃഷ്ടിച്ച റെക്കോര്‍ഡെല്ലാം ഭേദിച്ച് 68.55 മീറ്റര്‍ ദൂരമെറിഞ്ഞ് സുമിത് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരിലാക്കി. സുമതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാമതായി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം.
ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി ഉയർന്നു.
ഇന്നു മാത്രം രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവും സഹിതം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ അവനി ലെഖാരയാണ് നേരത്തെ സ്വര്‍ണം നേടിയത്.