അബുദാബി: ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് നാളെ മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം. പുതിയ തൊഴിൽ വീസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താൻ അനുമതിയുണ്ട്.
ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കും സന്ദർശക വിസക്ക് അപേക്ഷിക്കാം. പി.സി.ആർ പരിശോധനകളടക്കമുള്ള മാനദണ്ഡങ്ങൾ യാത്രക്ക് പാലിക്കണം. യാത്രക്കാർക്ക് ഐ.സി.എ വെബ്സൈറ്റ് വഴിയും അൽ ഹുസ്ൻ ആപ്പ് വഴിയും വാക്സിനേഷൻ സറട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും പ്രസ്താവനയിൽ അറിയിച്ചു.
മോഡേണ, ഫൈസർ-ബയോടെക്, ജാൻസൻ(ജോൺസൺ ആൻഡ് ജോൺസൺ), ഓക്സ്ഫഡ്/ആസ്ട്രാസെനേക്ക, കോവിഷീൽഡ് (ഓക്സ്ഫോർഡ്/ആസ്ട്രാസെനേക ഫോർമുലേഷൻ), സിനോഫാം, സിനോവാക്സിന്റെ കൊറോണവാക് എന്നിവയാണ് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകൾ.