ഫുട്ബാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുമെന്ന് ഉറപ്പായി. തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോർച്ചുഗീസ് താരം മടങ്ങിയെത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആദ്യം റൊണാൾഡോക്കായി രംഗത്തുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി പിന്മാറിയതോടെയാണ് അതുവരെ ചിത്രത്തിലില്ലാതിരുന്ന യുണൈറ്റഡ് തങ്ങളുടെ പ്രിയതാരത്തെ സ്വന്തമാക്കാൻ മുന്നിട്ടിറങ്ങിയത്.
2003 മുതൽ 2009 വരെ യുണൈറ്റഡിനായി റൊണാൾഡോ കളത്തിലിറങ്ങിയിരുന്നു. അന്ന് 292 മത്സരങ്ങൾ കളിച്ച റൊണാൾഡോ 118 ഗോളുകളും യുണൈറ്റഡിനായി കുറിച്ചു. മാറ്റം ഉറപ്പായെങ്കിലും യുവന്റസിന് നൽകേണ്ട കൈമാറ്റത്തുകയുടെ കാര്യത്തിലോ റൊണാൾഡോയുടെ പ്രതിഫലക്കാര്യത്തിലോ തീരുമാനമായിട്ടില്ല.
സിറ്റിയാണ് റൊണാൾഡോക്കായി ആദ്യം രംഗത്തെത്തിയത്. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരത്തിനെ കൈമാറുമ്പോൾ 2.9 കോടി യൂറോയെങ്കിലും (ഏകദേശം 210 കോടി രൂപ) ലഭിക്കണമെന്നാണ് യുവൻറസിെൻറ ആവശ്യം. എന്നാൽ, റൊണാൾഡോക്കായി കൈമാറ്റത്തുകയൊന്നും നൽകാനാവില്ലെന്നാണ് നിലപാടിലായിരുന്നു സിറ്റി. ഇതോടെയാണ് ചർച്ച വഴിമുട്ടിയതും റൊണാൾഡോക്കായി രംഗത്തില്ലെന്നും സിറ്റി വ്യക്തമാക്കിയതും. ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്റർ രംഗത്തെത്തിയത്.