ടോക്യോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം ഭവിന പട്ടേല്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഗ്രൂപ്പ് എ യില്‍ നിന്നുമാണ് താരം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ മീഗന് ഷാക്ക്ലെറ്റോണിനെ കീഴടക്കിയാണ് താരം അടുത്ത റൗണ്ടിലേക്ക് കടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഭവിന ചൈനയുടെ ഷോ യിങ്ങിനോട് 3-0 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ണായ മത്സരത്തില്‍ തിരിച്ചടിച്ച ഭവിന നോക്കൗട്ടിലേക്ക് കടക്കുകയായിരുന്നു.
ചൊവ്വാഴ്ചയായിരുന്നു ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. 57 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ടോക്കിയോയിലേക്കു പാരാലിംപിക്സ് എത്തിയത്. ഗെയിംസിന്റെ ചരിത്രത്തില്‍ രണ്ടു തവണ ഒരു രാജ്യം വേദിയായതും ഇതാദ്യമായിട്ടാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആകെ 4403 കായിക താരങ്ങളാണ് പാരാലിംപിക്സില്‍ ഇറങ്ങുന്നത്. ഇതില്‍ 2550 പുരുഷ താരങ്ങളും 1853 വനിതാ താരങ്ങളുമാണുള്ളത്. ഇതു 2016ലെ റിയോ ഗെയിംസിലേതിനേക്കാള് കൂടുതലാണ്. റിയോയില്‍ മാറ്റുരച്ചത് 4328 അത്ലറ്റുകളായിരുന്നു.