അടുത്ത മാസം നടക്കാനിരിക്കുന്ന ഡ്യൂറൻഡ് കപ്പിന്റെ മത്സരക്രമം പുറത്തുവന്നു. ഗ്രൂപ്പ് എയിൽ ഇന്ത്യൻ എയർഫോഴ്സും മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും തമ്മിലാണ് ആദ്യ മത്സരം. അടുത്ത മാസം അഞ്ചാം തിയതി വൈകിട്ട് 4.15നാണ് മത്സരം നടക്കുക.
ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സെപ്തംബർ 11നാണ് ആദ്യ മത്സരം കളിക്കുക. ഇന്ത്യൻ നേവിയാണ് എതിരാളികൾ. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം. ഗ്രൂപ്പ് സിയിൽ ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ നേവിക്കും ഒപ്പം ബെംഗളൂരു എഫ്സി, ഡൽഹി എഫ്സി എന്നീ ടീമുകളാണ് കളിക്കുക. 15ന് ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരവും 21ന് ഡൽഹി എഫ്സിക്കെതിരെ മൂന്നാം മത്സരവും കളിക്കും.
നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള ഗ്രൂപ്പ് ഡിയിലാണ്. 12ആം തിയതി ആർമി റെഡിനെതിരെയാണ് ഗോകുലത്തിൻ്റെ ആദ്യ മത്സരം. ഇവർക്കൊപ്പം ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി, അസം റൈഫിൾസ് എന്നീ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. 16ന് ഹൈദരാബാദിനെതിരെ ഗോകുലം കേരള രണ്ടാം മത്സരം കളിക്കും. 19 നാണ് ജേതാക്കളുടെ അവസാന മത്സരം. അസം റൈഫിൾസ് എതിരാളികളാവും. 4 ഗ്രൂപ്പുകളിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്നവർ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കും.
അതേസമയം, ലഭ്യമായതിൽ വെച്ച് തങ്ങളുടെ ഏറ്റവും കരുത്തുറ്റ ടീമിനെത്തന്നെയാകും കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കുകയെന്നാണ് സൂചന. ടീമിലെ വിദേശ താരങ്ങളായ അഡ്രിയാൻ ലൂണയും, എനസ് സിപ്പോവിച്ചും ഈ ടൂർണമെന്റിനിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഇന്ന് പുറത്ത് വന്നതോടെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചാണ് ഡ്യൂറൻഡ് കപ്പിന് തയ്യാറെടുക്കുന്നതെന്ന് വ്യക്തമായത്. ക്ലബ്ബിന്റെ ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയാണിത്.