ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 78 റൺസിന് എല്ലാവരും പുറത്തായി. ജെയിംസ് ആൻഡേഴ്സന്റെ ബൗളിംഗ് ആക്രമണത്തിൽ ഇന്ത്യയുടെ മുൻനിര തകർന്നു. രാഹുൽ പൂജ്യത്തിന് പുറത്തായപ്പോൾ പുജാര ഒരു റണ്ണിനും വിരാട് കോഹ്ലി ഏഴു റൺസുമായും മടങ്ങി.
രഹാനെ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഉച്ചഭക്ഷണത്തിന് മുമ്പ് തന്നെ ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായി. ഒരു ഭാഗത്ത് വിക്കറ്റുകൾ വീണപ്പോൾ പിടിച്ച് നിന്ന രോഹിത് ശർമയെ ക്രെയ്ഗ് ഓവർട്ടൺ പുറത്താക്കിയതോടെ ടീം വീണ്ടും പതറി. 105 പന്തുകൾ നേരിട്ട് 19 റൺസെടുത്താണ് രോഹിത് ശർമ പുറത്തായത്.
രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍. രഹാനെ 54 പന്തില്‍ നിന്ന് 18 റണ്‍സെടുത്തു. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല.
ഋഷഭ് പന്ത് (2), രവീന്ദ്ര ജദേജ (4), മുഹമ്മദ് ഷമി (0), ജസ്പ്രീത് ബുംറ (0) എന്നിവർ എളുപ്പം മടങ്ങി. പത്താം വിക്കറ്റിൽ ഇഷാന്ത് ശർമയും സിറാജും ചേർന്ന് നേടിയ 11 റൺസാണ് സ്കോർ 78ൽ എത്തിച്ചത്.
മൂന്ന് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണും ക്രെയിഗ് ഓവര്‍ട്ടണും തിളങ്ങിയപ്പോള്‍ ഒല്ലി റോബിന്‍സണും സാം കറനും രണ്ട് വീതം വിക്കറ്റ് നേടി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് ജയിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.