റിയാദ്: സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്സിനെടുത്ത ശേഷം ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാം. ഇവര്‍ 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ഇതുസംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഉടന്‍ നടപ്പാക്കിയേക്കാം എന്നുമറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും രാജ്യത്തെ വിദേശ നയതന്ത്ര കാര്യാലയങ്ങളില്‍ ലഭിച്ചതായാണ് വിവരം. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ സഊദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന് പൂര്‍ത്തിയാക്കി അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരുന്ന സഊദിയില്‍ താമസരേഖയുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും.
എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇപ്രകാരം സൗദിയിലേക്ക് നേരിട്ട് എത്തുന്നവര്‍ക്ക് ക്വാറന്റീന്, പി.സി.ആര് പരിശോധന ഫലം തുടങ്ങിയ ചില നിബന്ധനകളും ഏര്‍പ്പെടുത്തിയേക്കാം
സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് ‘ഇമ്യൂണ്‍’ ആയിരിക്കണമെന്നതാണ് നിബന്ധന. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍ സൗദി അറേബ്യ വിലക്ക് നീക്കിയാലും വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.