കൊച്ചി: മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഒളിമ്പ്യൻ ചന്ദ്രശേഖരൻ (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ വസതിയിലായിരുന്നു അന്ത്യം. 1960 റോം ഒളിമ്പിക്സിൽ കരുത്തരായ ഫ്രാൻസിനെ ഇന്ത്യ സമനിലയിൽ തളച്ചപ്പോൾ ചന്ദ്രശേഖരൻ പ്രതിരോധ നിരയിലെ പ്രധാന താരമായിരുന്നു. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ടീമിലെയും സജീവ സാന്നിധ്യമായിരുന്നു.
1958 മുതൽ 1966 വരെ ഇന്ത്യൻ ജഴ്സിയിലെ പ്രധാനിയായിരുന്ന ചന്ദ്ര ശേഖരൻ 1959, 1964 മെർദേക്ക ടൂർണമെന്റുകളിൽ വെള്ളി നേടിയ ഇന്ത്യൻ ടീമിലും പങ്കാളിയായി. 1994ൽ ഒരുവർഷം എഫ്.സി കൊച്ചിന്റെ ജനറൽ മാനേജറായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പ് മറവി രോഗം ബാധിച്ചതിനാൽ എറണാകുളം എസ്.ആർ.എം റോഡിലെ വസതിയിൽ നിന്നും പുറത്തിറങ്ങാറുണ്ടായിരുന്നില്ല.