കണ്ണൂർ: ചക്കരക്കല്ലില്‍ നിന്നും നാലു ദിവസം മുന്‍പെ കാണാതായ യുവാവിന്റെ മൃതദേഹം കനാലില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലിസ്. ചക്കരക്കല്ലിന് സമീപത്തെ പൊതുവാച്ചേരി മണിക്കയില്‍ അമ്പലത്തിന് സമീപം കരുണന് പീടികയ്ക്കു സമീപമുള്ള കനാലില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം ചക്കരക്കല്‍ പ്രശാന്തിനിവാസില്‍ പ്രജീഷിന്റെ (32) താണെന്ന് പൊലിസിന് വ്യക്തമായത്. കൊലപാതകത്തിന് കാരണം മോഷണവിവരം പൊലീസിനെ അറിയിച്ചതാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പ്രജീഷിന്റെ തെന്ന് സംശയിക്കുന്ന ചെരുപ്പുകള്‍ ചക്കരക്കല്‍ കുട്ടിക്കുന്നുമ്മലിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് കണ്ണുരില്‍ നിന്നെത്തിയ പൊലിസ് നായ പരിശോധന നടത്തിയത്.മൃതദേഹം ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
കഴിഞ്ഞ മാസം താഴെ മൗവ്വഞ്ചേരിയില്‍ പ്രവൃത്തി നടക്കുന്ന വീട്ടിൽനിന്ന് നാല് ലക്ഷം രൂപയുടെ തേക്ക് മരം മോഷണം പോവുകയും ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒമ്പതിന് മിടാവിലോട് കൊല്ലറേത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ (43), പൊതാവാച്ചേരി മാക്കുന്നത്ത് ഹൗസിൽ എ. റിയാസ് (36) എന്നിവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. റിമാൻഡിലായ പ്രതികള്‍ പിന്നീട് പുറത്തിറങ്ങി. മോഷണം അധികൃതരെ അറിയിച്ചത് പ്രജീഷാണെന്നും ഇയാളുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു.