കോവിഡ് കാലത്ത് പ്രതിരോധ മരുന്നുകളുടെയും വാക്സിന്റെയും പേരിൽ നടന്ന തട്ടിപ്പുകളുടെ ഇടയിൽ കേരളത്തിൽ നിന്നുള്ള ഒരു തട്ടിപ്പ് കൂടി പുറത്തുവരികയാണ്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കുന്നേക്കാട് പ്രവർത്തിക്കുന്ന പരബ്രഹ്മ ആയുർവേദിക് ഹോസ്പിറ്റലാണ് കോവിഡ് പ്രതിരോധ മരുന്നിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നത്. തങ്ങളുടെ മരുന്ന് കഴിച്ചാൽ കോവിഡ് ബാധിക്കില്ലെന്നാണ് ഇവരുടെ അവകാശവാദം. കോവിഡ് ബാധിച്ചവരാണെങ്കിൽ കൂടി ഇവരുടെ മരുന്ന് കഴിച്ചാൽ അത് പെട്ടന്ന് സുഖപ്പെടുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇതെല്ലാം വ്യാജമാണെന്നും ഇതിന്റെ പേരിൽ ഇവർ നടത്തുന്നത് വലിയ തട്ടിപ്പ് ആണെന്നും വെളിപ്പെടുത്തുവകയാണ് ഇവരുടെ തട്ടിപ്പിന് ഇരയായ എറണാകുളം സ്വദേശി ടി ബി വിനോദ്.
കർമ്മ ന്യൂസ് എന്ന സംഘപരിവാർ അനുകൂല മാധ്യമത്തിൽ വന്ന വാർത്തകണ്ടാണ് വിനോദ് പരബ്രഹ്മയെ സമീപിക്കുന്നത്. കർമ്മ ന്യൂസിൽ വന്നത് പരസ്യമായിരുന്നില്ലെന്നും വാർത്തയായിരുന്നെന്നും വിനോദ് പറയുന്നു. അതുകൊണ്ടാണ് വിശ്വസിച്ചത്. ഈ വീഡിയോയിൽ മരുന്നിനെ പരിചയപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്സിനേഷൻ സംവിധാനത്തെയും, സർക്കാർ സംവിധാനങ്ങളെയും, ആരോഗ്യ വകുപ്പിനേയുമെല്ലാം വെല്ലുവിളിക്കുക കൂടി ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ആയുർവേദ വാക്സിനെ അംഗീകരിക്കാത്ത സംവിധാനങ്ങളെ ആക്ഷേപിക്കാൻ കൂടി ഇവർ തയ്യാറാകുന്നു. അതേസമയം, ഇത്തരം ആളുകൾക്ക് വേദിയൊരുക്കാൻ കർമ്മ ന്യൂസ് തയ്യാറാകുന്നു.
https://www.youtube.com/watch?v=4XLW7S4kN64
ആരോഗ്യസംവിധാനങ്ങളെ വെല്ലുവിളിച്ചും പരബ്രഹ്മയെ പരിചയപ്പെടുത്തിയും കർമ്മ ന്യൂസ് പുറത്തുവിട്ട വാർത്ത
കോവിഡ് വന്നാലുള്ള ആശുപത്രി ചെലവും വീട്ടിലെ പ്രായമായ അച്ഛനെയും ചെറിയ കുട്ടികളെയും കൂടി ഓർത്തപ്പോൾ വിനോദ് പരബ്രഹ്മയെ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആ തെരഞ്ഞെടുപ്പ് വിനോദിന് ഉണ്ടാക്കിയത് വലിയ നഷ്ടമാണ്. ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം മാത്രമല്ല, കോവിഡ് ബാധിതനായി ആശുപത്രിയിൽ കിടക്കേണ്ടിയും വന്നു. വിനോദിന് മാത്രമല്ല, ഭാര്യക്കും കുഞ്ഞിനും കോവിഡ് ബാധിച്ചു. ഇതോടെ കേസിന് പോകാൻ തീരുമാനിക്കുകയായിരുന്നു വിനോദ്.
പരബ്രഹ്മ ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ കർമ്മ ന്യൂസിലൂടെ പുറത്തുവിട്ട 11 മിനുട്ട് ദൈർഖ്യമുള്ള വീഡിയോയിൽ കോവിഡിന് തങ്ങൾ മരുന്ന് കണ്ടുപിടിച്ചു എന്ന അവകാശ വാദം ഉന്നയിക്കുന്നുണ്ട്. ഈ മരുന്ന് ഉപയോഗിച്ചാൽ മണിക്കൂറുകൾക്കകം രോഗം മാറുമെന്നും 15000 ത്തോളം ആളുകൾക്ക് ഈ മരുന്ന് രോഗം ഭേദമായെന്നും ഇവർ അവകാശപ്പെടുന്നുമുണ്ട്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ഷൈൻ മുകുന്ദൻ, ഫാർമസി എച്ച് ഓ ഡി സുജിത്, ആയുർവേദ ഡോക്ടർ എന്ന് പരിചയപ്പെടുത്തിയ അജിത്ത്, ജനറൽ മാനേജർ റാം എന്നിവരാണ് ഈ വീഡിയോയിൽ ഇക്കാര്യങ്ങൾ പറയുന്നത്. ഈ വീഡിയോ കണ്ടാണ് വിനോദ് ഇവരുടെ മരുന്ന് വാങ്ങുന്നത്. ഇതിനായി സുജിത്തിനെയായിരുന്നു ബന്ധപ്പെട്ടത്. ഓരോ ബോട്ടിലിന് 5999 രൂപയാണ് സുജിത് വില പറഞ്ഞത്.
ഈ വിലക്ക് നാല് ബോട്ടിലാണ് ആദ്യം വിനോദ് വാങ്ങിച്ചത്. www.parabrahmaindia.com എന്ന വെബ്‌സൈറ്റ് വഴിയായിരുന്നു വാങ്ങിയത്. എന്നാൽ പിന്നീട് വിളിച്ചറിയിച്ചത് പ്രകാരം കൂടുതൽ ബോട്ടുകൾ വാങ്ങുകയുണ്ടായി. ഉദ്ദേശിച്ച ഫലം ലഭിക്കാൻ ഒരാൾ രണ്ട് ബോട്ടിൽ വീതം കഴിക്കണമെന്നായിരുന്നു നിർദേശം. ഇതുപ്രകാരമാണ് പിന്നീട് അമ്പലപ്പുഴയിലെ ഇവരുടെ സ്ഥാപനത്തിൽ പോയി മുഴുവൻ കുടുംബത്തിന് വേണ്ടി 20 ബോട്ടിൽ വാങ്ങിച്ചത്. ആദ്യത്തെ തവണ 24,000 രൂപയും രണ്ടാം തവണ 1,20,000 യും ഇതിനായി ചെലവഴിച്ചെന്ന് വിനോദ് പറയുന്നു. എന്നാൽ മരുന്ന് കഴിച്ച് വരുന്നതിനിടെ വിനോദ് കോവിഡ് ബാധിതനായി. ഇക്കാര്യം പരബ്രഹ്മയെ അറിയിക്കുകയും ചെയ്തു. മരുന്ന് തുടരാനായിരുന്നു നിർദേശം. പക്ഷെ വിനോദിന്റെ നില വഷളായി.
നില വഷളായതോടെ വിനോദിനെ ലേക്ക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം ഒരാഴ്ചയോളം അതീവ ഗുരുതരമായി ആശുപത്രിയിൽ കിടക്കേണ്ടി വന്നു വിനോദിന്. ഇക്കാലയളവിൽ തന്നെ വിനോദിന്റെ ഭാര്യക്ക് കുട്ടിക്കും കോവിഡ് ബാധിക്കുകയും ചെയ്തു. ഇവരും പരബ്രഹ്മയുടെ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു.
https://embed.acast.com/5f0c2443f5f25e7b65d4a4ff/6123dfac94f6d400130c9e06
വ്യാജ കോവിഡ് മരുന്ന് നൽകി പരബ്രഹ്മ ആയുർവേദ ഹോസ്പിറ്റൽ നടത്തിയ തട്ടിപ്പിനെ കുറിച്ച് അതിന് ഇരയായ എറണാകുളം സ്വദേശി വിനോദ് ഞങ്ങളുടെ റിപ്പോർട്ടറോട് തുറന്ന പറഞ്ഞതിന്റെ ഓഡിയോ കേൾക്കാം
ഒരു ലക്ഷത്തോളം രൂപ എല്ലാവരുടെയും ചികിത്സക്ക് വേണ്ടി മാത്രം ചെലവ് വന്നു. പിന്നീട് ആശുപത്രി വിട്ടതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് പരബ്രഹ്മ ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന് കോവിഡിനുള്ള മരുന്ന് ഉത്പാദിപ്പിക്കാനോ വിതരണം ചെയ്യാനോ അനുമതിയില്ലെന്ന് വ്യക്തമായി.
സംഭവത്തിൽ, പരബ്രഹ്മ ആയുർവേദിക് ഹോസ്പിറ്റലിന്റെ അധികാരികൾക്കും വാർത്ത നൽകിയ കർമ്മ ന്യൂസിനും എതിരെ വിനോദ് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പാലാരിവട്ടം പൊലീസിന് നൽകിയ പരാതിയിൽ 45 ദിവസം കഴിഞ്ഞിട്ടും യാതൊരു വിധ നടപടികളുമുണ്ടായില്ല. ഇതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ ഇവർ സമീപിച്ചിരിക്കുകയാണ്.
പരബ്രഹ്മ ആയുർവേദ ഹോസ്പിറ്റലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഇതുമാത്രമല്ല. നേരത്തെയും ഇവരുടെ തട്ടിപ്പുകൾ സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നു. ഡയബെറ്റിക്സ് പൂർണമായും മാറ്റി തരാം എന്ന പേരിൽ നേരത്തെയും പലരിൽ നിന്നായി ഇവർ പണം തട്ടിയിരുന്നു. ഇത് സംബന്ധിച്ച് വന്ന ചില വാർത്തകൾ താഴെ കാണാം.