മെഗാസ്റ്റാർ മമ്മൂട്ടിക്ക് പദ്മഭൂഷൺ ലഭിക്കാത്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൊണ്ടാണെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്ന്പറയാന്‍ ഒരിക്കലും മടികാണിക്കാത്തയാളാണ് നടന്‍ മമ്മൂട്ടി. തുറന്ന് പറയുന്ന രാഷ്ട്രീയം കാരണമാണ് മമ്മൂട്ടിക്ക് ഇപ്പോഴും പദ്മഭൂഷണ്‍ ലഭിക്കാത്തതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെക്കുറിച്ച് ഔട്ട്‌ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ബ്രിട്ടാസ് ഇക്കാര്യം വ്യക്തമാക്കിയത്.
‘എവിടെയും തന്റെ രാഷ്ട്രീയം വ്യക്തമാക്കാന്‍ ഒരു മടിയും കാണിച്ചയാളല്ല മമ്മൂട്ടി. രാഷ്ട്രീയം തുറന്ന് പറയുന്നതാണ് ഇപ്പോഴും മമ്മൂട്ടിയും പദ്മഭൂഷണും തമ്മിലുള്ള ദൂരം എന്നാണ് ഞാന്‍ കരുതുന്നത് – ജോണ്‍ബ്രിട്ടാസ് പറഞ്ഞു. എന്നാല്‍ തന്റെ സൗഹൃദങ്ങള്‍ക്കിടയിലോ മറ്റു ബന്ധങ്ങള്‍ക്കിടയിലോ ഒന്നും രാഷ്ട്രീയം കൊണ്ടു വരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ലെന്നും ജോണ്‍ബ്രിട്ടാസ് വ്യക്തമാക്കി.
സിനിമാ ലോകത്ത് 50 വർഷമായി സജീവമായി തുടരുന്ന മമ്മൂട്ടിക്ക് 1998ല്‍ പദ്മശ്രീ ലഭിച്ചിരുന്നു. നടൻ മോഹന്‍ലാലിന് 2001ല്‍ പദ്മശ്രീയും 2019ല്‍ പദ്മഭൂഷണും നല്‍കിയിരുന്നു.
















