ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. 15 പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ഫയൽ ചെയ്യാൻ സിബിഐ, എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നൽകിയതായി മനീഷ് സിസോദിയ ആരോപിച്ചു. മികച്ച പ്രവർത്തനവും ജനപ്രീതിയും കാരണം ബിജെപിക്ക് ഭീഷണി ആയവരുടെ പേരാണ് ലിസ്റ്റിൽ ഉള്ളതെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത വർഷം നടക്കുന്ന ഡൽഹി സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാർട്ടിയിലെ അടക്കം നേതാക്കൾക്കെതിരെ റെയ്ഡ് നടത്താനും എഫ്‌ഐആർ ഫയൽ ചെയ്യാനും നരേന്ദ്ര മോദി നിർദ്ദേശിച്ചതായി അദ്ദേഹം ആരോപിച്ചു. ഇതിനായി നരേന്ദ്ര മോദി 15 പേരുടെ പട്ടിക സിബിഐ, ഇഡി, ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന എന്നിവർക്ക് കൈമാറിയതായി സിസോദിയ ഡിജിറ്റൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സത്യസന്ധതയുടെ രാഷ്ട്രീയത്തിലാണ് എ എ പി വിശ്വസിക്കുന്നത്. നിങ്ങൾ അന്വേഷണ ഏജൻസികളെ അയച്ചോളൂ. ഞങ്ങൾ എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങൾക്ക് ആവശ്യമുള്ളത്ര അന്വേഷണങ്ങളും റെയ്ഡുകളും ചെയ്യുക. ഞങ്ങൾ പിന്നോട്ട് പോകില്ല’- സിസോദിയ വ്യക്തമാക്കി.
















