ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ നിന്ന് 107 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 168 പേരെ കൂടി ഒഴിപ്പിച്ചു. 168 പേരുമായി വ്യോമസേനയുടെ സി-17 യുദ്ധവിമാനം കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇവരെ ഇറാൻ വ്യോമപാത വഴി ഗാസിയാബാദിലെ ഹിന്ദൻ വ്യോമതാവളത്തിൽ എത്തിക്കും. രക്ഷാദൗത്യം തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 222 പേർ ഇന്ത്യയിൽ ഇന്ന് രാവിലെ തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഇന്ത്യയിലെത്തിയത്. താജിക്കിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്.
















