മനാമ: ബഹ്റൈനില്‍ മൂന്ന് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന് തുടങ്ങി. ഈ പ്രായത്തിലുള്ള കുട്ടികളില്‍ മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്സിന് നല്‍കുന്നത്.
സിനോഫാം വാക്സിന്റെ രണ്ട് ഡോസുകളായിരിക്കും മൂന്ന് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, ക്യാന്‍സര്‍, ഡൌണ്‍ സിന്‍ഡ്രോം, മറ്റ് ജനിതക വൈകല്യങ്ങള്‍ എന്നിവ ഉള്ള കുട്ടികള്‍ക്ക് വാക്സിനെടുക്കാനായി രജിസ്റ്റര്‍ ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ healthalert.gov.bh വഴിയാണ് രജിസ്ട്രേഷന്.
12 മുതല്‍ 17 വയസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. ഫൈസര്‍ ബയോഎന്‍ടെക് വാക്സിനോ സിനോഫാം വാക്സിനോ ഇവര്‍ക്ക് എടുക്കാം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ BeAware മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം. വാക്സിനെടുക്കാന്‍ കുട്ടിയുടെ നിയമാനുസൃത രക്ഷിതാവിന്റെ അനുമതി വേണം. ഒപ്പം വാക്സിനെടുക്കാനെത്തുമ്പോള് കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളും ഉണ്ടായിരിക്കണമെന്നും അധികൃതര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.