ബെംഗളൂരു: ഐ.പി.എല്‍ 14-ാം സീസണ് പുനരാരംഭിക്കുന്നതിന് മുന്‍പ് പിന്മാറിയ താരങ്ങള്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ച് റോയല്‍ ചഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച ഫോമിൽ കളിച്ച ശ്രീലങ്കന്‍ സ്പിന്നർ വാനിഡു ഹസരങ്ക, ഫാസ്റ്റ് ബൗളർ ദുശ്മന്ത ചമീര, സിംഗപ്പൂർ ടീം അംഗം ടിം ഡേവിഡ് എന്നിവരെയാണ് ടീമിലെത്തിച്ചത്.
നേരത്തെ ഹസരങ്കയെ ഐ.പി.എൽ ഫ്രാഞ്ചൈസികൾ നോട്ടമിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഏത് ടീമിലേക്കാണെന്ന് വ്യക്തമായിരുന്നില്ല. ആർ.സിബിയുടെ പേരും പറഞ്ഞുകേട്ടിരുന്നു. പിന്നാലെ മറ്റൊരു ശ്രീലങ്കൻ താരത്തെയും സിംഗപ്പൂരിൽ നിന്നൊരാളെയും ഉൾപ്പെടുത്തിയാണ് ആർ.സി.ബി ഞെട്ടിച്ചത്.
ന്യൂസിലാൻഡിന്റെ ഫിൻ ആലൻ, സ്കോട്ട് കുഗ്ലെജിൻ എന്നിവരെ ടീം മടക്കിവിളിച്ചതും ആദം സാമ്പ, ഡാനിയേൽ സാം, കെയിൻ റിച്ചാർഡ്സൺ എന്നിവർ മടങ്ങിപ്പോയതുമാണ് ആർ.സി.ബിയെ പ്രതിസന്ധിയിലാക്കിയത്.
ഇക്കഴിഞ്ഞ ഇന്ത്യക്കെതിരായ പരമ്പരയിൽ മികച്ച ഫോമിലായിരുന്നു ഹസരങ്ക. ചമീരയും പന്ത് കൊണ്ട് തിളങ്ങിയിരുന്നു. എന്നാൽ സിംഗപ്പൂരുകാരനായ ടിം ഡേവിഡിനെ ടീമിലെത്തിച്ചതാണ് ഏവരെയും അമ്പരപ്പിച്ചത്. സിംഗപ്പൂർ ദേശീയ ടീം അംഗമാണെങ്കിലും ആസ്ട്രേലിയൻ ആഭ്യന്തര മത്സരങ്ങളിലും 25 കാരനായ ഈ ആൾറൗണ്ടർ കളിച്ചിട്ടുണ്ട്. ബിഗ്ബാഷ് ലീഗിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിലാണ് ഡേവിഡിനെ ഇപ്പോൾ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ടീം പരിശീലക സ്ഥാനത്തുനിന്ന് സൈമൺ കാട്ടിച്ചിനെ നീക്കി. ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയിരുന്ന മൈക്ക് ഹെസൻ ആവും രണ്ടാം പാദത്തിൽ ആർസിബിയെ പരിശീലിപ്പിക്കുക.
ബയോ ബബിളിനുള്ളില്‍ കോവിഡ് പടര്‍ന്നതോടെ ഇക്കഴിഞ്ഞ മേയിലാണ് ഐ.പി.എല്‍ 14-ാം സീസണ് താത്കാലികമായി നിര്‍ത്തിവെച്ചത്. സെപ്റ്റംബര്‍ 19-ന് യു.എ.ഇയിലാണ് ടടൂര്ണമെന്റ് പുനരാരംഭിക്കുന്നത്.
ആര്‍സിബി ഈ മാസം 29ന് യുഎഇയിലേക്ക് തിരിക്കും. ഇന്ന് മുതൽ 28 വരെ ടീം അംഗങ്ങൾ ബെംഗളൂരുവിൽ ക്വാറൻ്റീനിൽ കഴിയും. താരങ്ങളൊക്കെ ക്യാമ്പിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ക്വാറൻ്റീൻ കാലാവധി അവസാനിച്ചതിനു ശേഷം താരങ്ങൾ ചാർട്ടേർഡ് ഫ്ലൈറ്റിൽ യുഎഇയിലേക്ക് പോകും. ഇന്ത്യൻ താരങ്ങൾ യുഎഇയിലെത്തുമ്പോൾ രാജ്യാന്തര താരങ്ങൾ അവിടെയെത്തി ഒപ്പം ചേരും. 6 ദിവസമാണ് യുഎഇയിലെ ക്വാറൻ്റീൻ കാലാവധി.
സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.