അഗര്‍ത്തല: കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന അദ്ധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശമില്ലെന്നും പിജുഷ് പറഞ്ഞു. എന്നാല്‍ പിജുഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്കും നന്ദിയര്‍പ്പിച്ചാണ് കോണ്‍ഗ്രസ് വിടുന്ന കാര്യം പിജുഷ് ട്വീറ്റ് ചെയ്തത്.
‘ഞാൻ ടിപിസിസി പ്രസിഡന്റ് ആയിരുന്നപ്പോൾ തന്ന സഹകരണത്തിന് എല്ലാ കോൺഗ്രസ് നേതാക്കളോടും ആത്മാർഥമായ നന്ദി അറിയിക്കുന്നു. ഇന്ന് ഞാൻ പ്രസിഡന്റ് സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിൽനിന്നും വിരമിക്കുന്നു. സോണിയ ഗാന്ധിക്ക് എന്റെ ആത്മാർഥമായ നന്ദി’ – അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒരു കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉഗ്രപ്രതാപികളായിരുന്ന കോണ്‍ഗ്രസിന് മുതിര്‍ന്ന ഒരു നേതാവ് കൂടി പാര്‍ട്ടി വിടുന്നത് വലിയ തിരിച്ചടിയാണ്.
ഒരാഴ്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പ്രമുഖ നേതാവാണ് പാര്‍ട്ടി വിടുന്നത്. മഹിളാ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സുഷ്മിത ദേബ് ദിവസങ്ങള്‍ക്ക് മുമ്ബ് കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.
















